തിരുവനന്തപുരം: കേരള സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. അതി ഗുരുതരമായ സാമൂഹ്യദുരവസ്ഥയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനംമൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ചൂണ്ടികാട്ടിയ സുധീരൻ, പുതിയ മദ്യനയം അതിന് ആക്കം കൂട്ടുന്നതാകുമെന്നും അഭിപ്രായപ്പെട്ടു.
മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ഐ ടി മേഖല ഉള്‍പ്പെടെയുള്ള പുതിയ തലങ്ങളിലേയ്ക്ക് മദ്യവ്യാപനം എത്തിക്കുക, മദ്യ ഉപയോഗത്തിലേയ്ക്ക് പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് വീര്യംകുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുക, മദ്യ ഉല്‍പ്പാദന യൂണിറ്റുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ വന്‍തോതിലുള്ള മദ്യവ്യാപന നിര്‍ദ്ദേശങ്ങളടങ്ങിയ പിണറായി സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ തിരുത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.