മാനന്തവാടി: സൗത്ത് വയനാട് വനം ഡിവിഷനിൽ ഉൾപ്പെട്ട സുഗന്ധഗിരിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒയെ സ്ഥലം മാറ്റിയത് അന്വേഷണ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ വെച്ചാണെന്ന് ആരോപണം. വയനാട് സൗത്ത് ഡി.എഫ്.ഒ എ. ഷജ്ന കരീമിനെ കാസർകോട് സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ ആയാണ് സ്ഥലം മാറ്റിയത്.
സംഭവത്തെ കുറിച്ച് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എ.പി.സി.സി.എഫ്) അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ഡി.എഫ്.ഒയുടെ ഇടപെടലിനെ തുടർന്നാണ് മുറിച്ച മരങ്ങൾ സ്ഥലത്തുനിന്ന് കൊണ്ടുപോകാനാകാതിരുന്നതെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതടങ്ങുന്ന രണ്ടു പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് മുഖ്യ വനപാലകന്റെ ഓഫിസിൽ പൂഴ്ത്തിയെന്നാണ് ആരോപണം.
ഡി.എഫ്.ഒക്ക് ജാഗ്രതക്കുറവുണ്ടായി എന്നും അതുകൊണ്ടാണ് മരം കടത്തിക്കൊണ്ടുപോയത് എന്നുമാണ് സ്ഥലംമാറ്റ ഉത്തരവിലുള്ളത്. ഇതേ വിഷയത്തിൽ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡി.എഫ്.ഒയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും സംഭവം വിവാദമായതോടെ സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു. സുഗന്ധഗിരി മരംമുറിയുമായി ബന്ധപ്പെട്ട് ഇതുവരെ നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകളിലൊന്നും ഷജ്നയുടെ ഭാഗത്ത് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി പറയുന്നില്ല.
കഴിഞ്ഞ മാസം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതുലക്ഷ്മി അഡീഷനല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകളും കണ്ടെത്തലുകളും അക്കമിട്ട് വിശദീകരിച്ച് ആവശ്യമായ നടപടികള്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിലും ഡി.എഫ്.ഒക്കെതിരെ വീഴ്ചകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിശദീകരണം ആവശ്യപ്പെടാനും തൃപ്തികരമല്ലെങ്കില്‍ നടപടികളെടുക്കാവുന്നതാണെന്നും സൂചിപ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് 10 ദിവസം മുമ്പ് ഒരു വിശദീകരണവും ചോദിക്കാതെ ഡി.എഫ്.ഒയെ സസ്പെൻഡ് ചെയ്തത്.
ഇതിനെതിരെ വനം വകുപ്പില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതോടെ മന്ത്രിയുടെ ഓഫിസ് നടപടി മരവിപ്പിച്ചു. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള വനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ റിസോര്‍ട്ടുകള്‍ വനഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ നോട്ടീസ് നല്‍കുകയും ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയും ചെയ്യുന്നുണ്ട്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടും ഡി.എഫ്.ഒ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്നു.