കൽപ്പറ്റ സുഗന്ധഗിരി മരംമുറിക്കേസിൽ വനം വാച്ചറെ വനംവകുപ്പ് കേസിൽ പ്രതി ചേർത്തേക്കും. വാച്ചർ ജോൺസനെ പ്രതി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. സസ്പെൻഷൻ നേരിട്ട കൽപറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ പ്രതി ചേർക്കുന്നത് പരിശോധിക്കും. സംഭവത്തിൽ11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി.
സുഗന്ധഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു. 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി ശരി വെച്ചു. അതേ സമയം, സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.
വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. മരത്തിന്റെ കൂടുതൽ ഭാഗം ഇനിയും കണ്ടെത്താനുണ്ട്. വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുന്നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻകുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ജാമ്യാപേക്ഷ തളളുകയാണുണ്ടായത്.