അടൂർ: അടൂർ കാർഷിക വികസന ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണിയെ തുടർന്ന് കിടപ്പുരോഗി സ്വയം മുറിവേൽപിച്ച് മരിച്ചു. എട്ടുവർഷമായി തളർന്നു കിടക്കുന്ന അടൂർ തുവയൂർ തെക്ക് രമ്യാ ഭവനിൽ യശോധരൻ(57) ആണ് വയറിൽ സ്വയം മുറിവേൽപ്പിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. അടിവയറ്റിൽ കത്രിക ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എട്ടുവർഷം മുമ്പ് മരത്തിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റാണ് ചുമട്ടു തൊഴിലാളിയായ യശോധരൻ കിടപ്പിലായത്.
21-ന് പുലർച്ചെയാണ് വയറ്റിൽ മുറിവേറ്റ നിലയിൽ യശോധരനെ വീട്ടുകാർ കണ്ടത്. തുടർന്ന് അടൂർ ഏഴംകുളം ചായലോട്ടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി മരിച്ചു. വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ കെ ഉഷാകുമാരി പറഞ്ഞു. കോൺഗ്രസ് ഭരണത്തിലുള്ളതാണ് അടൂർ കാർഷിക വികസന ബാങ്ക്. വീടുപണിക്കാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. 6,82,000 രൂപയാണ് കുടിശ്ശിക.എന്നാൽ കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്നും അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ ഏഴംകുളം അജു പറഞ്ഞു. മൃതദേഹം സംസ്‌കരിച്ചു. മക്കൾ: രതീഷ്, രമ്യ.