പൂച്ചാക്കൽ: ഹണിട്രാപ്പിൽ കുടുങ്ങി നാലുമാസംമുമ്പ് പ്രമുഖ വ്യവസായി ആത്മഹത്യചെയ്ത സംഭവത്തില സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ ജില്ലയിൽ വാടാനപ്പള്ളി തൃത്തല്ലൂർ രായം മരക്കാർ വീട്ടിൽ സജീർ (39), എറണാകുളം രാമേശ്വരം വില്ലേജിൽ അത്തി പൊഴിക്കൽ റുഖ്സാന ഭാഗ്യവതി (സോന-36), തൃശൂർ ചേർപ്പ് പഞ്ചായത്ത് ഊരകം രാത്തോട് അമ്പാജി (44) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.
സാമൂഹിക സേവന സംരംഭങ്ങൾക്ക് സഹായം നൽകുന്ന വ്യവസായി തന്നെ സമീപിച്ച കണ്ണാടി ചാരിറ്റബിൾ ട്രസ്റ്റിനും പല തവണ സഹായം നൽകിയിരുന്നു. മരണത്തിന് രണ്ടാഴ്ച മുമ്പ് ട്രസ്റ്റിന്റെ പേരിൽ പിരിവിനെത്തിയ റുഖ്സാന വ്യവസായിയുടെ കൈയിലെ പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് വ്യവസായിയുടെ മരണത്തിൽ കലാശിച്ചത്. ഒക്ടോബർ 25 ന് പിരിവിനെന്ന വ്യാജേന റുഖ്സാനയും സജീറും ഒരു സുഹൃത്തുമായി എത്തി വ്യവസായിയെ കുടുക്കി ആദ്യം നൂറു പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും കൈക്കലാക്കി. തൃശൂരിൽ സ്വർണ ഇടപാട് നടത്തുന്ന അമ്പാജിക്കാണ് സ്വർണം വിറ്റത്. ഒരാഴ്ച കഴിഞ്ഞ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വീണ്ടും വ്യവസായിയെ സമീപിക്കുകയും തന്നില്ലെങ്കിൽ കുടുംബത്തിൽ നടക്കാൻ പോകുന്ന കല്യാണമെല്ലാം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് വ്യവസായി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിനുശേഷം പ്രതികൾ ഫോണുകൾ ഓഫാക്കി ഒളിവിലായിരുന്നു. ഇതിനിടെ തിരുവനന്തപുരത്ത് നടന്ന വഞ്ചന കേസിൽ സജീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ റുഖ്സാനയോടൊപ്പം ആഡംബര ഫ്ലാറ്റുകളിൽ താമസിക്കുന്നതിനിടയിൽ എറണാകുളത്ത് വെച്ചാണ് പിടിയിലായത്. വർഷങ്ങൾക്ക് മുമ്പ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ്പ് കേസിലും പ്രതിയാണ് സോനയെന്ന് വിളിക്കുന്ന റുഖ് സാന. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പൂച്ചാക്കൽ എസ്.ഐ കെ.ജെ. ജേക്കബ്, ഗോപാലകൃഷ്ണൻ, എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ നിസാർ, അഖിൽ, ഷൈൻ, അരുൺ, നിധിൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി സജീറിനെ കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു.