കലവൂർ: ഏഴാം ക്ലാസ് വിദ്യാർഥി പ്രജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ തിങ്കളാഴ്ച സ്കൂളിലേക്ക് നടത്താൻ നിശ്ചയിച്ച മാർച്ചും ധർണയും പൊലീസ് അധികൃതരുടെ ഉറപ്പിൽ മാറ്റിവെച്ചു. കേസിൽ രണ്ട് അധ്യാപകരെ പ്രതികളാക്കി കേസെടുത്തതായും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പിലാണ് സമരപരിപാടികൾ തൽക്കാലം മാറ്റിയത്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂൾ അധ്യാപകരായ ക്രിസ്തു രാജ്, രേഷ്മ(രമ്യ) എന്നിവരെ പ്രതികളാക്കി കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ഇവർ കുട്ടിയെ അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രതികൾക്കായി കഴിഞ്ഞ രാത്രി ഇവരുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒളിവിലാണെന്ന് സി.ഐ ജെ. നിസാമുദീൻ പറഞ്ഞു. ഫെബ്രുവരി 15നാണ് കാട്ടൂർ ഹനുമൽ ക്ഷേത്രത്തിന് സമീപം അഴിയകത്തുവീട്ടിൽ എ.പി. മനോജിന്റെ മകൻ പ്രജിത്തിനെ (13) സ്കൂൾ യൂനിഫോമിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് പ്രജിത് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ ശിശുക്ഷേമ സമിതിയും ബാലാവകാശ കമീഷനും സ്വമേധയാ കേസെടുക്കുകയും പ്രജിത്തിന്റെ ബന്ധുക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അധ്യാപകർക്ക് എതിരെ നടപടി എടുക്കുന്നില്ലെന്ന പരാതി ഉയരുകയും നാട്ടുകാരും എസ്.എഫ്.ഐയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.