തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇര ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെയും പ്രതിശ്രുതവരന്റെയും ഫോണുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അതിനിടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെയും മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും വീഴ്ച സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനല്‍കി.
യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയില്‍ ഫോണ്‍ എടുക്കാന്‍ വൈകിയാല്‍ പെണ്‍കുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ സൈബര്‍ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോള്‍ സംഭാഷണം, വാട്സപ്പ് ചാറ്റുകള്‍ എന്നിവും പരിശോധിക്കുകയാണ്.
അതിനിടെ കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ടും രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചു. പോക്സോ കേസില്‍ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ പറയുന്നു.