ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ പണിതീരാത്ത വീട് സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നടപടികളുമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്. 40 വർഷമായി ഒരേ അവസ്ഥയിലാണ് കെട്ടിടം.
വണ്ടാനം കിഴക്കാണ് സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട്. ഇപ്പോൾ നീർക്കുന്നത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിനായി ഇത് ഏറ്റെടുത്ത് കൈമാറണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സംസ്ഥാന സർക്കാരിന് കത്ത് നൽകി. 40 വർഷം മുമ്പ് ഈ വീടിന്റെ നിർമാണത്തിന് പണം കണ്ടെത്താനായിരുന്നു ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ കാറിലിട്ട് ചുട്ടെരിച്ചത്. താൻ മരിച്ചു എന്ന് വിശ്വസിപ്പിച്ച് വിദേശകമ്പനിയുടെ ഇൻഷുറൻസ് തട്ടാനായിരുന്ന കുറുപ്പിന്റെ ശ്രമം. എന്നാൽ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ കുറുപ്പ് മുങ്ങി. 40 വർഷമായി അനാഥമായി കിടക്കുന്ന കെട്ടിടത്തിൽ അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകൾ കൃത്യമല്ലാത്തതിനാൽ തുടർനടപടിയുണ്ടായില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മുന്നോട്ടുവന്നത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി കുറുപ്പിന്റെ വീട് ഏറ്റെടുത്ത് കൈമാറണമെന്ന് പഞ്ചായത്ത് നവകേരള സദസിലും അപേക്ഷ സമർപ്പിച്ചു. കെട്ടിടം സർക്കാർ ഏറ്റെടുത്ത് നൽകുകയാണെങ്കിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ ഓഫീസുകൾക്കും ഇതിലേക്ക് മാറാൻ സൗകര്യമുണ്ടാകുമെന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് പറഞ്ഞു.