തിരുവനന്തപുരം: വേനൽ ചൂട് വർധിച്ചതോടെ വർക്കല നഗരസഭ പരിധിയിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളാണ് കൂടുതൽ ദുരിതം നേരിടുന്നത്.
വർക്കല കരുനിലക്കോട്, പുല്ലാന്നിക്കോട്, കണ്ണ്വാശ്രമം ഉൾപ്പെടെയുള്ള വാർഡുകളിലാണ് കടുത്ത ജല ക്ഷാമം നേരിടുന്നത്. ഇവിടെ ഉളളവർ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളെയും പൊതുടാപ്പുകളെയുമാണ് ആശ്രയിച്ചിരുന്നത്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമം അല്ല എന്ന പരാതിയുണ്ട്. ഇതിനിടയിൽ ജലക്ഷാമം മുതലെടുത്ത് സ്വകാര്യ കുടിവെള്ള സർവിസുകാർ അമിതവില ഈടാക്കുന്നതായി ആക്ഷേപമുണ്ട്. വെള്ളമില്ലാതെ ജീവിതം ദുസ്സഹമാകുമ്പോൾ നാട്ടുകാർക്ക് സ്വകാര്യ സർവിസുകാരെ ആശ്രയിക്കാതെ പറ്റില്ല.
ജല ഉപഭോഗത്തിൽ വന്ന ഗണ്യമായ വർധനയാണ് പ്രതിസന്ധി വർധിപ്പിക്കുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. പ്രതിദിനം 19 എം.എൽ.ഡി (മില്യൻ ലീറ്റർ പെർ ഡേ) വെള്ളമാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നതെങ്കിലും ജനങ്ങളുടെ ആവശ്യം ഇതിലും ഏറെ വലുതാണ്. ജലജീവൻ മിഷൻ പദ്ധതിയിൽ ഗാർഹിക പൈപ്പ് കണക്ഷനുകൾ കൂടിയിട്ടും ആനുപാതികമായി ജലസ്രോതസ്സ് കണ്ടെത്താനാകാത്തത് പോരായ്മയായി തുടരുന്നുണ്ട്. വർക്കല മേഖലയിൽ നഗരസഭക്ക് പുറമെ വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, ഇലകമൺ, മണമ്പൂർ, ഇടവ, ചെമ്മരുതി, കരവാരം, മടവൂർ, പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളാണ് വർക്കല വാട്ടർ അതോറിറ്റി സബ് ഡിവിഷന് കീഴിലുള്ളത്. ജലക്ഷാമവുമായി ബന്ധപ്പെട്ട പരാതികൾക്കായി വർക്കല വാട്ടർ അതോറിറ്റി പരാതി പരിഹാര സെൽ തുറന്നു. ഫോൺ നമ്പർ- 0470 2602402.