പാലക്കാട്: വേനൽ ചൂടിൽ വിയർത്തൊലിച്ച് നാട്. ഇന്ന് ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
സാധാരണയെക്കാൾ രണ്ട് മുതൽ നാലു വരെ ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും മുന്നറിയിപ്പുണ്ട്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കൂടിയേക്കും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.