മൂലമറ്റം: വേനൽ മഴ ശക്തിയാർജിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. വേനൽ കടുത്തപ്പോൾ മുതൽ പ്രതിദിന ഉപഭോഗം ശരാശരി 89 ദശലക്ഷം യൂനിറ്റ് വരെ ആയിരുന്നത് മഴ എത്തിയതോടെ 70 ദശലക്ഷത്തിൽ താഴെയായി. തിങ്കളാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കുപ്രകാരം ഉപഭോഗം 69.62 ദശലക്ഷം യൂനിറ്റാണ്. ഞായറാഴ്ച 73.65 ദശലക്ഷം, ശനിയാഴ്ച 79.09, വെളളിയാഴ്ച 80.67 എന്നിങ്ങനെയായിരുന്നു ഉപഭോഗം.
മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആറുവരെ എറണാകുളം, പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിൽ അധികമഴ ലഭിച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ സാധാരണ മഴയും ലഭിച്ചു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ഒരാഴ്ചയായി മഴ ശക്തമാണ്. ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് 14.6 മില്ലീമീറ്റർ, പമ്പ 13, കക്കി 28 എന്നിങ്ങനെ മഴ ലഭിച്ചു.സംസ്ഥാനത്ത് ഞായറാഴ്ച ഉപയോഗിച്ച 69.62 ദശലക്ഷം യൂനിറ്റ് വൈദ്യുതിയിൽ 46.03 ദശലക്ഷം പുറം സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി. 23.58 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു.