കൊച്ചി: പുതിയ അക്കാദമിക് വർഷം ആരംഭിക്കുംമുമ്പ് വിദ്യാർഥികൾക്ക് ഇടവേള അനിവാര്യമായതിനാൽ വേനൽക്കാല അവധി തടയാനാവില്ലെന്ന് ഹൈകോടതി. കുട്ടികൾ പാടുകയും ആടുകയും കളിക്കുകയും ഗൃഹപാഠത്തെക്കുറിച്ച് ആശങ്കപ്പെടാതെ ഇഷ്ട ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
രക്ഷിതാക്കളുടെയടക്കം അനുമതിയോടെ ചൂടിനെ ചെറുക്കാൻ മതിയായ സൗകര്യം ഒരുക്കി 11ാം ക്ലാസുകാർക്കായി അവധിക്കാല ക്ലാസുകൾ നടത്താമെന്ന് നേരത്തേ ഹരജി പരിഗണിച്ച കോടതി വിലയിരുത്തിയിരുന്നു. തുടർന്ന് സർക്കാർ ഉത്തരവിന് താൽക്കാലിക സ്റ്റേയും നൽകി. ഐ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കേസിലടക്കം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേ. എന്നാൽ, ഈ ഉത്തരവുകളോട് വിയോജിക്കുന്നതായി ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കേരള വിദ്യാഭ്യാസ ചട്ടത്തിൽ മാർച്ചിലെ അവസാന പ്രവൃത്തി ദിവസം സ്കൂൾ അടച്ച് ജൂണിലെ ആദ്യ പ്രവൃത്തി ദിവസം തുറക്കണമെന്ന് വ്യക്തമാക്കുന്ന ചട്ടം റദ്ദാക്കിയിട്ടില്ല. അതിനാൽ, ചട്ട പ്രകാരമുള്ള അവധി നൽകാതെ പറ്റില്ല. തിരക്കുപിടിച്ച ഒാരോ അക്കാദമിക് വർഷത്തിന് ശേഷം ഇടവേള അനിവാര്യമാണ്. പുതിയ അക്കാദമിക് വർഷത്തെ വരവേൽക്കാൻ വിദ്യാർഥികൾക്ക് പുതിയ ഊർജം വേണ്ടതുണ്ട്. അവർക്ക് പാഠപുസ്തകങ്ങൾ മാത്രം പോരയെന്നതാണ് ഈ അവധിക്കാലത്തിന്റെ ലക്ഷ്യം. 10 ലും 11 ലും പഠിക്കുന്ന വിദ്യാർഥികൾക്കും ഇടവേള അനിവാര്യമാണ്. അതിനാൽ ഐ.എസ്.എസ് കേസിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പുനഃപരിശോധന ആവശ്യമാണ്. തുടർന്ന്
ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് വ്യക്തമാക്കിയ കോടതി, അടിയന്തര പരിഗണനക്കായി വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ രജിസ്ട്രറിക്ക് നിർദേശവും നൽകി. അവധിക്കാല ക്ലാസ് വിലക്കിയതിനെതിരെ കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.