തിരുവനന്തപുരം: കളിയ്ക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികള് സഞ്ചരിച്ച കാർ കസ്റ്റഢിയിലെടുത്തു. മാർത്താണ്ഡത്തിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. കൊലപാതകം നടന്ന ദിവസം പ്രതി അമ്പിളിയിലെ കളിയിക്കാവിളയിൽ എത്തിച്ചത് സർജിക്കൽ ഷോപ്പ് ഉടമ സുനിലും സുഹൃത്ത് പ്രദീപ് ചന്ദ്രനും ചേര്‍ന്നാണ്. സുനിലിന്‍റെ കാറിലായിരുന്നു യാത്ര. ഇതിന് ശേഷം സുനിലും പ്രദീപ് ചന്ദ്രനും പാറശാലയിലേക്ക് പോയി.
കൊലപാതകത്തിന് ശേഷം അമ്പിളി സുനിലിനെ വിളിച്ചെങ്കിലും മൊബൈല് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്ന നിലയിലായിരുന്നു എന്നാണ് അമ്പിളി മൊഴി നല്‍കിയിരിക്കുന്നത്. പാറശാലയില് തന്നെയുള്ള ഒരു സർവീസ് സെന്‍ററിൽ സുനില് കാറിട്ടു. പിന്നീട് ഇവിടെ നിന്ന് കുലശേഖരത്തേക്ക് പോകുകയും അവിടെ കാർ ഉപേക്ഷിക്കുകയുമായിരുന്നു. ഈ കാറാണ് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം പൊലീസ് കണ്ടെത്തിയത്.
അമ്പിളിയെ പിടികൂടിയതിന് പിന്നാലെ പൊലീസ് സുനിലിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തൊട്ടു പിന്നാലെ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ വിളിച്ച ഏക ഫോൺകോൾ പ്രദീപ് ചന്ദ്രനെയായിരുന്നു. ഇതാണ് അന്വേഷണം പ്രദീപ് ചന്ദ്രനിലേക്ക് എത്തിച്ചതും. ദീപുവിന്‍റെ കഴുത്ത് മുറിക്കാൻ ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് പ്രദീപ് ചന്ദ്രനാണ് മറ്റൊരു കടയിൽ നിന്ന് വാങ്ങി സുനിലിന് കൈമാറുന്നത്.
കേസിൽ ഇനിയും നിരവധി ദുരൂഹതകളുണ്ട്. ഇവയ്ക്ക് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പരസ്പര വിരുദ്ധമായ മൊഴികൾ നല്കുന്ന അമ്പിളിയെ പൊലീസ് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സുനിലിനെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തിന്‍റെ ആസൂത്രണം സംബന്ധിച്ച കൂടുതൽ വ്യക്തത കൈവരൂ. ഒളിവിലുള്ള പ്രതി സുനിലിനെ കണ്ടെത്താതെ കേസിലെ നിഗൂഢതകൾ മുഴുവൻ ചുരുളഴിക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.