മഞ്ചേരി: വധശിക്ഷ വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി നാടൊന്നാകെ കൈകോർത്തപ്പോൾ തുക സമാഹരിക്കുന്നതിനുള്ള ആപ് നിർമിച്ചത് മലപ്പുറത്തെ മൂന്ന് യുവാക്കൾ ചേർന്ന്. മഞ്ചേരി ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം, കിഴിശ്ശേരി സ്വദേശി മുഹമ്മദ് ഷുഹൈബ്, ഒതുക്കുങ്ങൽ സ്വദേശി അഷ്ഹർ എന്നിവരുടെ നേതൃത്വത്തിലുള്ള ‘സ്പൈൻ കോഡ്സ്’ എന്ന സ്റ്റാർട്ടപ് സംരംഭമാണ് ആപ് തയാറാക്കിയത്. അബ്ദുറഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ ആപ് വികസിപ്പിച്ചത്.
ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം ആപ്പുകളും വെബ്സൈറ്റുകളും നിർമിച്ചുനൽകുന്ന സംരംഭമാണ് ‘സ്പൈൻ കോഡ്സ്’. 2017 മുതൽ മലപ്പുറം ആസ്ഥാനമായാണ് ഓഫിസ് പ്രവർത്തിച്ചുവരുന്നത്. ഫെബ്രുവരി അവസാനമാണ് ക്രൗഡ് ഫണ്ടിങ്ങിനായി മൊബൈൽ ആപ് വേണമെന്ന് ആവശ്യപ്പെട്ട് ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി സമീപിച്ചത്. മാർച്ച് ഏഴിനുതന്നെ ആപ് ലോഞ്ച് ചെയ്തു. ആപ് കൂടി പുറത്തിറങ്ങിയതോടെ അതിവേഗം പണം സമാഹരിക്കാനായി.
ഇലക്ട്രോണിക്സ് എൻജിനീയർമാരായ അഷ്ഹർ, മുഹമ്മദ് ഹാഷിം എന്നിവരും മെക്കാനിക്കൽ എൻജിനീയറായ മുഹമ്മദ് ഷുഹൈബും സ്കൂൾ പഠനം ഒരുമിച്ചായിരുന്നു. ലോകമൊട്ടാകെ ഇവർക്ക് ഉപഭോക്താക്കളുണ്ട്. സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനായത് ഇവരുടെ പ്രയത്നംമൂലമാണ്. ഇതുവരെ എത്ര രൂപ ലഭിച്ചു, ഏത് സംസ്ഥാനം, ജില്ല, വാർഡ്, ഏത് സംഘടന, വ്യക്തി എന്നുവരെ ഒറ്റ ക്ലിക്കിൽ അറിയാൻ കഴിയുന്നുവെന്നതാണ് ആപിന്റെ പ്രത്യേകത. മുസ്ലിം ലീഗിന്റെ ആസ്ഥാനമന്ദിര നിർമാണത്തിന് പണം സ്വരൂപിക്കാൻ വേണ്ടിയും കെ.പി.സി.സിക്കും യൂത്ത് കോൺഗ്രസിനും ദേശീയതലത്തിൽ പണം സ്വരൂപിക്കുന്നതിന് വേണ്ടിയുമൊക്കെ ആപ് നിർമിച്ചതും ഈ മൂവർ സംഘമാണ്.
ഇതിനോടകം നിരവധി ആപുകൾ സംഘം നിർമിച്ച് നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണയിലും ഓഫിസ് പ്രവർത്തിക്കുന്ന ‘സ്പൈൻ കോഡ്സി’ന് കീഴിൽ 70ഓളം ടെക്കികളാണ് ജോലി ചെയ്യുന്നത്.