തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് സതീശ് (43) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന പ്രൈം സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ജീവനക്കാരിയായ പുതിയകാവ് മാളേകാട് അതിര്‍ത്തി റോഡില്‍ ഷിജി സുധിലാലിനെ കടയ്ക്കകത്ത് അതിക്രമിച്ചു കയറി ഹെല്‍മെറ്റ് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഷിജിയുടെ കൈക്കും തലയ്ക്കും പരിക്കേറ്റിരുന്നു.
പ്രതിയുടെ ഭാര്യ സവിതയും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. കടയിലെ ഫോണിലേക്കു വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കൊടുക്കാതിരുന്ന സാഹചര്യത്തിൽ വൈരാഗ്യം മൂലം സതീശ് കടയില്‍ കയറി ഷിജിയെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു.സംഭവത്തില്‍ വനിതാ കമീഷന്‍ ഇടപെടുകയും, കെ. ബാബു എം.എല്‍.എ മര്‍ദ്ദനമേറ്റ ഷിജിയുടെ വീട് സന്ദര്‍ശിക്കുകയും എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കായി ഹില്‍പാലസ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂവാറ്റുപുഴയില്‍ നിന്നും സി.ഐ കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.ഐ. അനില, പ്രൊബേഷനറി എസ്.ഐ. ഷാനവാസ്, എ.എസ്.ഐ. സന്തോഷ് എം.ജി, സി.പി.ഒമാരായ ശ്യാം ആര്‍. മേനോന്‍, രതീഷ്കെ .പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.