തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്തതിന് ആളൂർ പഞ്ചായത്തിലെ കരാറുകാരന് 1,22,880 രൂപ നൽകണമെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. പഞ്ചായത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്ത വകയിൽ ജി.പി.എസ് ഡാറ്റ ലഭ്യമല്ലാതിരുന്ന ദിവസങ്ങളിലെ ബിൽ തുക അനുവദിക്കുന്നതിനാണ് തൃശൂർ കലക്ടർക്ക് നിർദേശം നൽകിയത്.2019 ലെ വരൾച്ച സമയത്ത് തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് 10 ലക്ഷം വകയിരുത്തിയിരുന്നു. പഞ്ചായത്ത് വി.എ അസീസിനാണ് 2019 ഏപ്രിൽ 10ന് സപ്ലൈ ഓഡർ നൽകിയത്. മെയ് 20 മുതൽ ജൂൺ 30 വരെ കുടിവെള്ളം വിതരണം ചെയ്ത വകയിൽ അധികമായി 5,00,400 രൂപ ചെലവായി. ഈ തുക എസ്.ഡി.ആർ.എഫിൽ നിന്ന് അനുവദിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി തൃശൂർ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, ജി.പി.എസ് ഡാറ്റ ലഭ്യമല്ലാത്ത ദിവസങ്ങളിലെ ബിൽ തുകയായ 1,22,880 രൂപ കുറവ് ചെയ്തശേഷം 4,43,520 രൂപയാണ് കലക്ടർ അനുവദിച്ചത്. ഇതിനെതിരെ അസീസ് ഫയൽ ചെയ്ത റിട്ട് പെറ്റിഷന്മേൽ ജി.പി.എസ് ഡാറ്റയുടെ അഭാവത്തിൽ പരാതിക്കാരന് ബിൽ തുക അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് നിരീക്ഷിക്കുകയും, പരാതിക്കാരൻ സമർപ്പിച്ച ബില്ലുകൾ, ട്രിപ്പ് ഷീറ്റുകൾ ഉൾപ്പെടെയുള്ള ലഭ്യമായ രേഖകൾ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പരിശോധിച്ച് കലക്ടർക്ക് നൽകിയ സാഹചര്യത്തിൽ ബിൽ തുക അനുവദിക്കുന്നതിനുള്ള അപേക്ഷ കലക്ടർ പുനപരിശോധിച്ച് ആവശ്യമെങ്കിൽ സർക്കാരിൽ നിന്നും സ്പഷ്ടീകരണം തേടിയതിനുശേഷം രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി വിധിന്യായം പുറപ്പെടുവിച്ചു.ഈ സാഹചര്യത്തിൽ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കളക്ടർആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കാൻ ഉത്തരവായത്.