തിരുവനന്തപുരം > സപ്ലൈകോയെ കൂടുതൽ പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപന്നങ്ങളുടെ റീബ്രാൻഡിങ് ഓണം ഫെയറിനോടനുബന്ധിച്ച് നടത്തുന്നു. ഇതോടൊപ്പം പുതുതായി അഞ്ച് ശബരി ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുകയും ചെയ്യുന്നുണ്ട്. ശബരി ബ്രാൻഡിൽ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടക്കുന്ന സംസ്ഥാനതല ഓണം ഫെയർ ഉദ്‌ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി റീബ്രാൻഡ് ചെയ്ത ശബരി ഉത്പന്നങ്ങളെയും പുതിയ ശബരി ഉത്പന്നങ്ങളെയും പരിചയപ്പെടുത്തും. ചടങ്ങിൽ ആദ്യ വില്പന ഗതാഗത മന്ത്രി ആൻ്റണി രാജു നിർവഹിക്കും.ഡോ ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ, വി ജോയ് എം എൽ എ, തിരുവനന്തപുരം ഡെപ്യുട്ടി മേയർ പി കെ രാജു, നഗരസഭാ കൗൺസിലർ സിമി ജ്യോതിഷ്, സപ്ലൈകോ ചെയർമാനും എംഡിയുമായ ഡോ ശ്രീറാം വെങ്കിട്ടരാമൻ, പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് കമ്മിഷണർ ഡോ. ഡി സജിത്ത് ബാബു, മാങ്കോട് രാധാകൃഷ്ണൻ, പാലോട് രവി, വി വി രാജേഷ്, ജില്ലാ സപ്ലൈ ഓഫിസർ കെ അജിത് കുമാർ, തിരുവനന്തപുരം മേഖല മാനേജർ ജലജ ജി എസ് റാണി തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ ജില്ലകളിലെയും ഫെയറുകളിൽ റീബ്രാൻഡ് ഉൽപ്പന്നങ്ങൾ ലഭിക്കും. രാത്രി 9 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്തും എറണാകുളത്ത് കലൂർ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിലുമാണ് ഫെയർ.കൊല്ലം ജില്ലയിൽ ആശ്രാമം മൈതാനത്തും, പത്തനംതിട്ടയിൽ സെൻറ് പീറ്റേഴ്‌സ് ജംക്ഷന് സമീപമുള്ള മാണിയാട്ട് പ്ലാസ ഗ്രൗണ്ടിലുമാണ് ജില്ലാ ഫെയർ. ആലപ്പുഴ ടൌൺ സ്‌ക്വയർ, കോട്ടയം തിരുനക്കര മൈതാനം, കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ട്, തൃശൂർ തേക്കിൻകാട് മൈതാനം, പാലക്കാട് കോട്ട മൈതാനം, മലപ്പുറം കോട്ടപ്പടി ഫുട്ബോൾ ടർഫ്, കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം, കല്പറ്റ പുതിയ ബസ് സ്റ്റാൻഡ്, കണ്ണൂർ ടൗൺ സ്‌ക്വയർ, കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നത്.