ഡല്‍ഹി: രാജ്യത്തെ കോടതികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ കോടതികളില്‍ സമീപ കാലത്തുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. എല്ലാ കോടതികളിലും കോടതി സുരക്ഷ യൂനിറ്റിനെ (സി.എസ്.യു) നിയോഗിക്കണമെന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.വെടിവെപ്പുപോലുള്ള അക്രമസംഭവങ്ങള്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമല്ല, കോടതി ജീവനക്കാര്‍, പരാതിക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും ഭീഷണിയാണെന്ന് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ കോടതികള്‍ സ്വീകരിക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. കോടതികള്‍ക്കുതന്നെ സുരക്ഷയില്ലെങ്കില്‍ നീതി തേടി എത്തുന്നവരുടെ പ്രതീക്ഷകള്‍ ഇല്ലാതാകില്ലേയെന്നും കോടതി ചോദിച്ചു. സമീപകാലത്ത് ഡല്‍ഹിയിലെ നിരവധി കോടതികളില്‍ വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തീസ് ഹസാരി കോടതിയില്‍ ഇരുവിഭാഗം അഭിഭാഷകര്‍ തമ്മിലുണ്ടായ ചൂടേറിയ വാദപ്രതിവാദത്തിനൊടുവില്‍ വെടിവെപ്പുണ്ടായിരുന്നു. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏപ്രിലില്‍ രോഹിണി കോടതിയിലും വെടിവെപ്പുണ്ടായി.