ന്യൂഡൽഹി∙ 26–ാംആഴ്ചയിലെ ഗർഭഛിദ്രത്തിനുള്ള അനുമതി സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. 26 ആഴ്ച വളർച്ചയെത്തിയ ഭ്രൂണം സജീവമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി പുനഃപരിശോധന നടത്തുന്നത്. ഉത്തരവ് പുനഃപരിശോധിക്കുന്നതിനു മുൻപ് പരാതിക്കാരിയുടെ വാദം കോടതി വീണ്ടും കേള്‍ക്കും.
അവസാന നിമിഷത്തിൽ എയിംസ് റിപ്പോർട്ട് സമർപ്പിച്ചതിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസമുണ്ടായതെന്നും കോടതി ചോദിച്ചു. ‘‘എന്തുകൊണ്ടാണ് ഉത്തരവിനു ശേഷം മാത്രം ഇങ്ങനെയൊരു റിപ്പോർട്ട് സമർപ്പിച്ചത്? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നേരത്തെ അവർ സത്യസന്ധത പുലർത്താതിരുന്നത്? ഏത് കോടതിയാണ് ഹൃദയമിടിപ്പുള്ള ഭ്രൂണത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നത്? തീർച്ചയായും അത് ഞങ്ങളല്ല.’’– ജസ്റ്റിസ് ഹിമ കോലി പറഞ്ഞു.
26 ആഴ്ച വളർച്ചയുള്ള ഭ്രൂണം ഗർഭഛിദ്രം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇന്നലെയാണ് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. രണ്ടുകുഞ്ഞുങ്ങളുടെ അമ്മയാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. മൂന്നാമത്തെ കുട്ടിയെ വളർത്തുന്നതിനുള്ള ശാരീരികമോ, മാനസികമോ, സാമ്പത്തികമോ ആയ അവസ്ഥ തനിക്കില്ലെന്നും യുവതി കോടതിയെ അറിയിച്ചു.