ന്യൂഡൽഹി: പീഡനത്തിന് ഇരയായ 14കാരിക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീംകോടതി അനുമതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്ഷേമമാണ് പരമപ്രധാനമെന്ന് ചൂണ്ടിക്കാട്ടിയാണ് 30 ആഴ്ച പ്രായമായ ഗർഭധാരണം അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി. പർദിവാലയും അംഗങ്ങളായ ബെഞ്ച് അനുമതി നൽകിയത്.
ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം തുടരുന്നത് 14 വയസ്സ് മാത്രമുള്ള കുട്ടിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്ന മുംബൈ സിയോണിലെ ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജ് ആൻഡ് ജനറൽ ഹോസ്പിറ്റൽ (എൽ.ടി.എം.ജി.എച്ച്) മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.