ന്യൂഡൽഹി∙ രാജ്യത്ത് ക്രൈസ്തവർക്കു നേരേയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ പുരോഹിതന്മാർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണങ്ങൾ തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയാടൽ ആയി ചിത്രീകരിക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാനരഹിതം ആണെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം തടയുന്നവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വ്യാഴാഴ്ച ഹാജരായത്. ഹർജിക്കാരൻ കോടതിയിൽ നൽകിയ കണക്കുകൾ തെറ്റാണെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ പറഞ്ഞു. ‘‘ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ട അഞ്ഞൂറോളം സംഭവങ്ങളുണ്ടെന്നാണ് ഹർജിക്കാരൻ അവകാശപ്പെടുന്നത്. ഇവയെല്ലാം സംസ്ഥാന സർക്കാരുകൾക്ക് അയച്ചുകൊടുത്തു. ഞങ്ങൾക്ക് ലഭിച്ച എല്ലാ വിവരങ്ങളും ക്രോഡീകരിച്ചു. ബിഹാറിൽ നോക്കിയാൽ, ക്രിസ്ത്യാനികളായ അയൽക്കാർ തമ്മിലുള്ള ആഭ്യന്തര കലഹമാണ് ഹർജിക്കാരൻ നൽകിയത്. ഇത് അവർ പരിഹരിച്ചു. ഈ കണക്ക് ശരിയായില്ല.’’– തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു.
രാജ്യത്ത് ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന തെറ്റായ സന്ദേശമാണ് ഹർജി നൽകിയതെന്നും തുഷാർ മേത്ത പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി, മറുപടി നൽകാൻ മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ചു.