ദില്ലി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത 104 ജഡ്ജിമാരുടെ പേരുകളിൽ 44 പേരുടെ നിയമനം സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഇന്നലെ ജഡ്ജി നിയമനം വൈകുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവേ 44 പേരുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ ആർ വെങ്കിട്ടരമണിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
സുപ്രീംകോടതി നൽകിയ സമയക്രമം പാലിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്നായിരുന്നു അറ്റോർണി ജനറൽ പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തിപരമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു. അതേസമയം ഇനി ചേരാനിരിക്കുന്ന സുപ്രീംകോടതി കൊളിജീയം യോഗത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനമാകും പ്രധാന അജണ്ട. ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജീയം ശുപാർശ ചെയ്താത്തവരെ കൂടി പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി സുപ്രീം കോടതി ഇന്നലെ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.