ദില്ലി: സ്വകാര്യഭാഗത്ത് വിരൽകൊണ്ട് കുത്തിയെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം എടുത്തുമാറ്റിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി നടപടിക്കെതിരെ 12 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ അപ്പീലാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 2014 -ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ടിവി കണ്ട് കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വിരലുകള്‍ കടത്തിയെന്നായിരുന്നു കേസ്. ഇത് പ്രകാരം പോക്‌സോ നിയമത്തിലെ 3 (ബി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 451, ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരന്‍ ആണെന്ന് വിചാരണ കോടതി വിധിച്ചു.
പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷയും പിഴ ശിക്ഷയും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതി വിരല്‍ കൊണ്ട് കുത്തിയെന്ന് മാത്രമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത് എന്ന് പ്രതിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു. സ്വകാര്യ ഭാഗത്ത് വിരല്‍ കൊണ്ട് കുത്തുന്നു എന്ന് പറയുന്നത് വിരല്‍ കടത്തല്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ നിലപാട്. ഈ വാദം അംഗീകരിച്ച ഹൈക്കോടതി, പ്രതിക്ക് എതിരെ പോക്‌സോ നിയമത്തിലെ 3 (ബി) പ്രകാരം ചുമത്തിയ കുറ്റം പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാക്കി മാറ്റി.
ഇതോടെ ഏഴ് വർഷം തടവ് മൂന്ന് വർഷമാക്കി കുറഞ്ഞു. എന്നാൽ ഹൈക്കോടതി നടപടി തെറ്റാണെന്നും സ്വകാര്യഭാഗത്ത് കുത്തിയെന്ന മൊഴി തന്നെ പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ നൽകാൻ മതിയാകുമെന്നും അപ്പീലിൽ പെൺകുട്ടിയുടെ മാതാവിനായി ഹാജരായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, ആലിം അൻവർ എന്നിവർ വാദിച്ചു. ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് കോടതി വാക്കാൽ നീരീക്ഷിച്ചു. എന്നാൽ പ്രതിയായ വ്യക്തിക്ക് എഴുപത്തിയഞ്ച് വയസായെന്നും ഈ കേസിൽ മൂന്ന് വർഷം തടവ് അനുഭവിച്ചെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യൻ കോടതിയിൽ പറഞ്ഞു.
പ്രതിയുടെ പ്രായവും മൂന്ന് വർഷം തടവ് അനുഭവിച്ചതും കണക്കിലെടുത്ത് ജസ്റ്റിസ് ബി ആർ ഗവായ് അപ്പീലിൽ കൂടുതൽ ഇടപെടലിനില്ലെന്ന് കാട്ടി ഹർജി തള്ളുകയായിരുന്നു. എന്നാൽ പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. ഈക്കാര്യത്തിൽ സംസ്ഥാനത്തിനെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് ഹാജരായി .