ന്യൂഡൽഹി: തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ ഡൽഹി ഹൈകോടതി ഇതേ ഹരജി തള്ളിയിരുന്നു.
എല്ലാ ഇന്ത്യക്കാർക്കും ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കെ, 2000 രൂപയുടെ നോട്ട് മാറ്റാൻ ഒരു രേഖയും ആവശ്യമില്ലെന്ന നിലപാട് തെറ്റാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. വൻ തോതിൽ പണം വ്യക്തികളുടെ ലോക്കറിലോ അല്ലെങ്കിൽ വിഘടനവാദികളുടെയും തീവ്രവാദികളുടെയും മാവോവാദികളുടെയും മയക്കുമരുന്ന് കടത്തുകാരുടെയും മാഫിയകളുടെയും കൈയിലോ ഉണ്ടാകുമെന്നും ഹരജിയിൽ പറഞ്ഞു.
എന്നാൽ, 2000 രൂപ നോട്ടുകൾ തിരിച്ചറിയൽ രേഖയില്ലാതെ മാറ്റി നൽകാമെന്ന തീരുമാനം ഭരണനിർവഹണത്തിന് കീഴിൽ വരുന്നതാണെന്നും കോടതിക്ക് തീരുമാനിക്കാവുന്നതല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ‘2000 രൂപ നോട്ടുമായി നിങ്ങൾ ഒരു കടക്കാരന്‍റെ അടുത്ത് പോകുന്നുവെന്ന് കരുതുക. അല്ലെങ്കിൽ, 500 രൂപയുമായി പോകുന്നുവെന്ന് കരുതുക. തിരിച്ചറിയൽ രേഖ കാണിച്ചതിന് ശേഷം മാത്രമേ നിങ്ങൾക്ക് പച്ചക്കറി വിൽക്കൂവെന്ന് കടക്കാരന് പറയാനാകുമോ’ -ചീഫ് ജസ്റ്റിസ് ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യം വഴിയൊരുക്കുമെന്ന ഹരജിക്കാരന്‍റെ വാദങ്ങളും കോടതി തള്ളി.
കഴിഞ്ഞ മേയ് 19നാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ വ്യക്തമാക്കിയത്. സെപ്റ്റംബർ 30 വരെ ആളുകൾക്ക് നോട്ടുകൾ ബാങ്കിലെത്തി മാറ്റുകയോ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. നോട്ടുകൾ മാറ്റി എടുക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകുകയോ തിരിച്ചറിയൽ കാർഡ് ഹാജരാക്കുകയോ വേണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയിൽ 20,000 രൂപവരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.