ദില്ലി : ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.
ദില്ലിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്,. എന്നാൽ ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈര്‍ ജുഡീഷ്യൽ റിമാൻഡിൽ തുടരും. ഈ കേസിൽ കൂടി ജാമ്യം നേടിയാൽ മാത്രമേ സുബൈറിന് ജയിൽ മോചിതനാകാൻ സാധിക്കൂ.