ന്യൂഡൽഹി ∙ സേനകളിൽനിന്നു വിരമിച്ചവർക്ക് ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക മാർച്ച് 15നു മുൻപു നൽകണമെന്നു സുപ്രീം കോടതി നിർദേശിച്ചു. നേരത്തേ 2 തവണ പ്രഖ്യാപിച്ച സമയപരിധിയും കേന്ദ്ര സർക്കാർ പാലിച്ചിരുന്നില്ല. ഇനി വീഴ്ചയുണ്ടാകരുതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു.
25 ലക്ഷത്തോളം പേരുടെ കുടിശിക കണക്കാക്കുന്നതുൾപ്പെടെയുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും നിലവിൽ ഫയൽ പ്രതിരോധ മന്ത്രാലയത്തിലെ ധനവിഭാഗത്തിന്റെ പക്കലാണെന്നും അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കുടിശിക വൈകാതെ നൽകുമെന്നും ഉറപ്പു നൽകി.
കുടിശികയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടെ 4 ലക്ഷത്തോളം പേർ മരിച്ചതായി ഹർജിക്കാരായ എക്സ് സർവീസ്മെൻ മൂവ്മെന്റിനു വേണ്ടി അഡ്വ. ഹുസെഫ അഹമ്മദി ചൂണ്ടിക്കാട്ടി. 2019 ജൂലൈയിൽ നൽകേണ്ട തുകയാണിത്.
ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയവും നടപ്പാക്കുന്ന രീതിയും സുപ്രീം കോടതി കഴിഞ്ഞവർഷം മാർച്ചിൽ ശരിവച്ചിരുന്നു. 5 വർഷം കൂടുമ്പോഴുള്ള പെൻഷൻ വർധന 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനും കുടിശിക 3 മാസത്തിനുള്ളിൽ നൽകാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. സെപ്റ്റംബറിൽ കേന്ദ്രം 3 മാസംകൂടി സാവകാശം തേടി. എന്നിട്ടും ഉത്തരവു നടപ്പാകാതെ വന്നതോടെയാണ് ഇപ്പോഴത്തെ കർശന നിർദേശം.
മുൻകാല പ്രാബല്യത്തോടെ പെൻഷൻ കൂട്ടാൻ കഴിഞ്ഞമാസം 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞവർഷം ജൂൺ 30 വരെയുള്ള കുടിശിക 4 ഗഡുക്കളായി നൽകുമെന്നും കുടുംബ പെൻഷൻകാർക്ക് ഒറ്റ ഗഡുവായിത്തന്നെ നൽകുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും നടപടികൾ നീളുന്നതിനിടെയാണ് കോടതിയുടെ ഇപ്പോഴത്തെ നിർദേശം.