ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് കോടതിയെ സമീപിച്ചത്.
വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാനായി ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവ വിവിപാറ്റ്. നിലവിലെ സംവിധാനത്തിൽ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷീനിലെ വിവിപാറ്റ് മാത്രമാണ് എണ്ണുന്നത്. ഈ രീതി മാറ്റി മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്ന് ഹരജിയിലെ ആവശ്യപ്പെട്ടു. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചത്.ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും ഒരേസമയം പരിശോധന നടത്തുകയും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്‌താൽ 5-6 മണിക്കൂറിനുള്ളിൽ പൂർണമായ വിവിപാറ്റ് വെരിഫിക്കേഷൻ നടത്താനാകുമെന്ന് ഹരജിയിൽ പറയുന്നു.
വിവിപാറ്റുകളുമായും ഇ.വി.എമ്മുകളുമായും ബന്ധപ്പെട്ട് വിദഗ്ധർ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലും ഇ.വി.എമ്മിന്‍റെയുംയും വിവിപാറ്റിന്‍റെയുംയും വോട്ടെണ്ണൽ തമ്മിൽ വലിയ തോതിൽ പൊരുത്തക്കേടുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാലും എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി വോട്ടർ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹരജിയിൽ പറയുന്നു.