ദില്ലി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങളെ 22-ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, എസ്എ ബോബ്‌ഡെ, ജഡ്ജിമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർക്കാണ് ക്ഷണം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബെഞ്ചിൽ അംഗമായിരുന്നു. ഒമ്പത് മുൻ സിജെഐമാരും ജഡ്ജിമാരും അഭിഭാഷകരും ഉൾപ്പെടെ 50-ലധികം നിയമജ്ഞർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, രാം ലല്ല വിരാജ്മാനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരനെയും ക്ഷണിച്ചിട്ടുണ്ട്. 2019 നവംബർ 9 ലെ വിധിയിൽ, ഭരണഘടനാ ബെഞ്ച് 2.77 ഏക്കർ തർക്കഭൂമി മുഴുവൻ രാം ലല്ല വിരാജ്മാന് കൈമാറി.