തിരുവനന്തപുരം: പ്ലസ്ടു കോഴക്കേസില്‍ കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കെ. എം. ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര് കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളില് മറുപടി നല്‍കണം. ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി പറഞ്ഞു.
ഷാജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന് നീരജ് കിഷന് കൗളും സ്റ്റാന്‍ഡിങ് കൌണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി. പ്ലസ് ടു കോഴക്കേസില്‍ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലന്‍സ് കേസ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത ഇ.ഡി കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി.