ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടൽ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്നാട് ഗവർണർ ബില്ലുകളിൽ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. എട്ട് ബില്ലുകൾ ഗവർണ്ണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്.
ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ ഗവർണർ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകണം. കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നടപടിയിൽ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
തമിഴ് നാട് ഗവർണർ ആര്‍.എന്‍.രവിക്കെതിരായ ഹർജി പരിഗണിക്കവേ ബില്ലുകൾ സർക്കാരിന് തിരികെ അയ്ക്കാൻ കോടതി ഇടപെടൽ വരെ എന്തിന് കാത്തിരുന്നുവെന്ന് കോടതി ചോദിച്ചു. മൂന്ന് വർഷമായി ബില്ലുകളിൽ തീരുമാനമെടുത്തില്ല. സർക്കാർ കോടതിയിൽ വന്നപ്പോൾ മാത്രമാണ് ഗവർണർ നടപടിയെടത്തതെന്നും ചീഫ് ജസ്റ്റി്സ് പറഞ്ഞു. അനുഛേദം 200 പ്രകാരം ഗവർണര്‍ക്ക് ബില്ലുകൾ പിടിച്ചു വെക്കാനുള്ള അധികാരമല്ലെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു .നിയമസഭാ ബില്ലുകൾ പാസാക്കി ഗവർണർക്ക് വീണ്ടും അയച്ച കാര്യം സർക്കാർ കോടതിയെ ധരിപ്പിച്ചു. തമിഴ്നാടിൻറെ ഹർജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.