ദില്ലി : സ്വർണ്ണ കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്നും ബംഗ്ലൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ വിശദമായി വാദം കേൾക്കണമെന്ന് സുപ്രീം കോടതി. വിചാരണ കോടതിയിലെ നടപടി പുരോഗതി അറിഞ്ഞ ശേഷം വാദം കേൾക്കുന്ന തീയതി അറിയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
രണ്ട് സംസ്ഥാനത്തും രണ്ട് രാഷ്ട്രീയ പാർട്ടികളുടെ സർക്കാരുകളാണ് ഭരിക്കുന്നത്. കേസിൽ രാഷ്ട്രീയമായ വിഷയങ്ങൾ കൂടിയുണ്ടെന്നതിനാൽ വിശദമായി വാദം കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂ. വിചാരണ കോടതിയിലെ നടപടികൾ പരിശോധിച്ച ശേഷം തീയ്യതി അറിയിക്കും. കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകും. അസാധാരണ സാഹചര്യമുണ്ടായാൽ മാത്രം വിചാരണ മാറ്റൂവെന്നും കോടതി വിശദീകരിച്ചു. അത്തരം സാഹചര്യമുണ്ടെന്ന് എൻഫോഴ്സ്മെന്റ് മറുപടി നൽകി. വിചാരണ കേരളത്തിൽ നടന്നാൽ അത് അട്ടിമറയ്ക്കാൻ പെടുമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.