ന്യൂഡൽഹി ∙ ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആർടിസിയുടെ അപ്പീലിൽ സുപ്രീം കോടതിയുടെ ആശ്വാസ ഇടപെടൽ. ചട്ടം ലംഘിക്കാതെയും മറ്റു വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും പരസ്യം നൽകാനുള്ള പുതിയ പദ്ധതി വരുന്ന തിങ്കളാഴ്ച ഹാജരാക്കാൻ ജഡ്ജിമാരായ സൂര്യ കാന്ത്, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ അതുവരെ ഇളവനുവദിച്ചു.
വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 20ന് ആയിരുന്നു ഹൈക്കോടതി വിധി. ഉത്തരവു ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി സുപ്രീം കോടതിയിലെത്തിയത്. 900 കോടി രൂപ കടമുള്ള കോർപറേഷന് ശബരിമല സീസണിൽ പരസ്യമില്ലാതെ ബസ് ഓടിക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണെന്നു കെഎസ്ആർടിസി വാദിച്ചു. കുറച്ചുനാളായി ഇത്തരത്തിൽ പരസ്യം നൽകുന്നതാണ്; ആരുടെയും ശ്രദ്ധ തെറ്റുമെന്ന ആശങ്ക വേണ്ട.
ബസിന്റെ ഇരുവശങ്ങളിലും പരസ്യം നൽകുന്നതു മറ്റു വാഹനങ്ങളിലുള്ളവരുടെ ശ്രദ്ധ തെറ്റിച്ചേക്കാമെന്നും പകരം ബസിന്റെ പിൻഭാഗത്തു നൽകിക്കൂടേയെന്നും കോടതി ചോദിച്ചു. ഇതാകും കൂടുതൽ പ്രശ്നമുണ്ടാക്കുകയെന്നു കെഎസ്ആർടിസി സൂചിപ്പിച്ചു. പുതിയ സ്കീം ഹൈക്കോടതി തന്നെ പരിശോധിക്കാൻ നിർദേശിക്കാമെന്നും ഇക്കാര്യത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ നടപടിയാണ് ആഗ്രഹിക്കുന്നതെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. പരസ്യം സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരേണ്ടത് സർക്കാരാണെന്നും ഇക്കാര്യത്തിൽ നിർദേശമുണ്ടെങ്കിൽ കോടതിക്കു നൽകാവുന്നതാണെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. വി.ഗിരിയും ദീപക് പ്രകാശുമാണ് കെഎസ്ആർടിസിക്കു വേണ്ടി ഹാജരായത്.