ന്യൂഡൽഹി ∙ ഉത്തര്‍പ്രദേശില്‍ ലൈസന്‍സ് ഇല്ലാത്ത തോക്കുകളും ആയുധങ്ങളും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ ആളുകള്‍ വന്‍തോതില്‍ നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വയ്ക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസുമാരായ കെ.എം.ജോസഫും ബി.വി.നാഗരത്നയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു.താന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്, അവിടെയിത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്ന് വാദത്തിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. ഫ്യൂഡല്‍ മനോഗതിയുടെ പ്രതിഫലനമാണ് തോക്ക് സംസ്കാരമെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന നിരീക്ഷിച്ചു. അമേരിക്കയില്‍ തോക്ക് കൈവശം വയ്ക്കുന്നത് മൗലികാവകാശമാണ്. ഇന്ത്യയില്‍ അത്തരം അവകാശം അനുവദിക്കാതിരിക്കാനുള്ള വിവേകം ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.
നിയമവിരുദ്ധമായി തോക്കുകള്‍ കൈവശം വയ്ക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് ആയുധ നിയമത്തിന്‍റെയോ, മറ്റേതെങ്കിലും നിയമത്തിന്‍റെയോ അടിസ്ഥാനത്തില്‍ എടുത്ത കേസുകളുടെ വിവരങ്ങള്‍ നല്‍കാനും കോടതി പറഞ്ഞു. ഇതിനായി നാലാഴ്ചത്തെ സമയം യുപി സര്‍ക്കാരിന് കോടതി അനുവദിച്ചു.