ന്യൂഡൽഹി ∙ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വേഷണത്തിന് ആറുമാസം കൂടി വേണമെന്ന സെബിയുടെ (സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. സമയപരിധി നീട്ടാനാകില്ല. മൂന്നുമാസംകൂടി അനുവദിക്കാമെന്നും അന്വേഷണം വേഗമാക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ മൂന്നുമാസം മതിയാകില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. തിങ്കളാഴ്ച കോടതി ഉത്തരവിറക്കും.
യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ തുറന്നടിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി തട്ടിപ്പ് തുടങ്ങി അദാനിക്കെതിരെ നിരവധി അഴിമതികൾ ആരോപിച്ചു. ഇതിനുപിന്നാലെ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.