ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും പോൾ ചെയ്ത വോട്ടുകളുടെ മണ്ഡലംതല കണക്കുകൾ പുറത്തുവിടാതെ ഒളിച്ചുകളിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാടിനെതിരായ ഹരജികൾ പരിഗണിക്കാതെ സുപ്രീംകോടതി. വോട്ട് കണക്കുകൾ പുറത്തുവിടാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു. വിഷയം തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് ഹരജിക്കാർ. ബൂത്തുതല വോട്ട് കണക്ക് വോട്ടെടുപ്പ് പൂർത്തിയായി 48 മണിക്കൂറിനകം പുറത്തുവിടാൻ കമീഷന് നിർദേശം നൽകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
വോട്ടു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഓരോ മണ്ഡലത്തിലും ചെയ്ത വോട്ടുകളുടെ എണ്ണം പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറായിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വോട്ടുയന്ത്രത്തിലെ കണക്കുമായി ഒത്തുനോക്കാനുള്ള 17 സി ഫോറത്തിലെ വിവരം പുറത്തുവിടണമെന്ന ആവശ്യമുയർന്നിരുന്നു. വിവിധ മണ്ഡലങ്ങളിൽ പ്രസ്തുത ഫോറത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ആഴ്ചകളായിട്ടും വെളിപ്പെടുത്താത്ത കമീഷന്‍റെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
ആദ്യ രണ്ട് ഘട്ടത്തിലെ വോട്ടിങ് കണക്കുകൾ 11ഉം 14ഉം ദിവസം പിന്നിട്ട ശേഷമാണ് പ്രസിദ്ധീകരിച്ചതെന്ന് എ.ഡി.ആർ ഹരജിയിൽ ചൂണ്ടിക്കാട്ടി.