ന്യൂഡൽഹി : ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യത്തിൽ വിചാരണക്കോടതി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന് കേരള സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടു.
വിചാരണ പൂർത്തിയാക്കപ്പെടേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗിയുടെ അഭിപ്രായം തേടി. പല രീതിയിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം വിചാരണ നീട്ടുന്നതിനെ എതിർത്തു. ആദ്യം കേസിൽ ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവെച്ചു. കേസിൽ 4 തവണയാണ് സമയം നീട്ടിനൽകിയതെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മോശം കളി കളിക്കുകയാണെന്നും റോഹത്ഗി പറഞ്ഞു.
വിചാരണ നീട്ടണമെന്ന ആവശ്യം നേരത്തെ തന്നെ സമർപ്പിക്കപ്പെട്ടതാണെന്നും റോഹത്ഗി പറഞ്ഞു. കേസിൽ പുതിയ തെളിവുകളുണ്ടെന്നും ഇതു അവഗണിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയ സംസ്ഥാന സർക്കാർ ഇതാദ്യമായാണ് പ്രതിഭാഗം ഇത്തരമൊരു ആരോപണം കോടതിയിൽ നടത്തുന്നതെന്നും പറഞ്ഞു. തുടർന്നാണ് കേസിൽ വിചാരണ കോടതി ജഡ്ജി ആവശ്യമുന്നയിച്ചാൽ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയത്.