ന്യൂഡൽഹി∙ ഗുജറാത്ത് കലാപക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടിസ്. ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും ജയിൽ മോചിതരായ പ്രതികൾക്കുമാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്.
ജയിൽമോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും കോടതി നിർദേശം നൽകി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ വിശദമായി ഹർജിയിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. വാദത്തിനിടെ ചില സുപ്രധാന ചോദ്യങ്ങളും ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഈ കേസിലെ പ്രതികളുടെ വിചാരണ മഹാരാഷ്ട്രയിലാണ് നടന്നത്. അവിടുത്തെ കോടതിയാണ് ഇവരെ ശിക്ഷിച്ചത്. പിന്നെ ഗുജറാത്ത് സർക്കാരിന് ഇത്തരത്തിൽ ശിക്ഷാ ഇളവ് നൽകാൻ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും മൂന്നു വയസ്സുള്ള മകളുൾപ്പെടെ കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത പ്രതികളെ ജയിൽമോചിതരാക്കിയിതിന് എതിരെയാണ് ബിൽക്കിസ് ബാനു ഹർജി ഫയൽ ചെയ്തത്.