ദില്ലി : മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് പലിശയ്ക്ക് അർഹത ഇല്ലെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് പുറമെ പലിശ കൂടി നൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഫ്ലാറ്റുടമകൾക്കായി 115 കോടി രൂപയാണ് നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാരം തുക. അതിനിടെ മരടിൽ അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ കഴിഞ്ഞ ദിവസം കോടതി നിയോഗിച്ചിരുന്നു. റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.
മരടില്‍ നാല് പടകൂറ്റന് ഫ്ലാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്ത് നാളെ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും നിര്‍മാണ കമ്പനി ഒരു പൈസ പോലും നല്കിയിട്ടാത്ത കുടുംബങ്ങളുണ്ട്. ഹോളി ഫെയ്ത്ത് എച്ച്ടു ഓ സമുച്ചയം നിര്‍മിച്ച കമ്പനിയാണ് ഫ്ലാറ്റ് ഉടമകളെ വീണ്ടും വഞ്ചിച്ചത്. സഫോടനത്തിന്‍റെ പ്രകമ്പനത്തില്‍ നാശനഷ്ടം നേരിട്ട അയല്‍പ്പക്കത്തെ മിക്ക വീട്ടുമടകള്‍ക്കും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരും കബളിപ്പിക്കല്‍ തുടരുകയാണ്.
അതേസമയം, ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നീ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് നിർമ്മാതാക്കൾ മുഴുവന്‍ പണവും ഉടമകള്‍ക്ക് തിരികെ നല്കി. ആല്ഫാ സെറിനാകാട്ടെ നഷ്ടപരിഹാരത്തിന്‍റെ 90 ശതമാനവും നല്കി.