ന്യൂഡൽഹി: ബലാൽസംഗത്തിന്റെ ഇരയുടെ ‘ചൊവ്വാദോഷം’ നോക്കാനുള്ള അലഹാബാദ് ഹൈകോടതി ഉത്തരവ് അസാധാരണ നടപടിയിൽ ശനിയാഴ്ച സുപ്രീംകോടതി അടിയന്തിര സിറ്റിംഗ് നടത്തി സ്റ്റേ ചെയ്തു. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്ത കേസിലെ പ്രതി യുവതിക്ക് ചൊവ്വാദോഷമുണ്ട് എന്ന് വാദിച്ചപ്പോഴാണ് ലഖ്നോ സർവകലാശാലയിലെ ജ്യോതിഷം വകുപ്പ് മേധാവിയോട് ഇക്കാര്യം പരിശോധിക്കാൻ അലഹാബാദ് ഹൈകോടതി ഉത്തരവിട്ടത്. ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ആ വശം പരിഗണിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷ കേസിന്റെ മെറിറ്റ് നോക്കി തീർപ്പാക്കാൻ അലഹാബാദ് ഹൈകോടതിക്ക് നിർദേശം നൽകി.
ജ്യോതിഷം സർവകലാശാലയിൽ പഠിപ്പിക്കുന്ന വിഷയമാണെന്നും കേസിലെ തെളിവ് സംബന്ധിച്ച വിദഗ്ധന്റെ ഉപദേശമെന്ന നിലക്കാണ് ലഖ്നോ സർവകലാശാല ജ്യോതിഷം വകുപ്പ് മേധാവിയോട് ചൊവ്വാദോഷമുണ്ടോ എന്ന് നോക്കാൻ അലഹാബാദ് ഹൈകോടതി ഏൽപിച്ചതെന്നും ഇരു കക്ഷികളും ഇതിന് സമ്മതിച്ചതാണെന്നും പ്രതിയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു.
എന്നാൽ ജ്യോതിഷം ഒരു ശാസ്ത്രമാണെങ്കിലും കോടതി ഇത്തരമൊരു അപേക്ഷ പരിഗണിക്കുമ്പോൾ ജാതകവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിക്കാമോ എന്നതാണ് പ്രശ്നമെന്ന് ജസ്റ്റിസ് സുധാൻഷു ധുലിയ പ്രതികരിച്ചു. ജ്യോതിഷത്തിന് ഇക്കാര്യത്തിൽ എന്താണ് ചെയ്യാനാകുക എന്ന കാര്യത്തിൽ തങ്ങൾ ഇടപെടുന്നില്ല. ജ്യോതിഷവുമായി ബന്ധപ്പെട്ട വികാരം മാനിക്കുന്നു. ഇവിടെ അതല്ല വിഷയമെന്നും ഇരയുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടതാണെന്നും ജസ്റ്റിസ് ധുലിയ പറഞ്ഞു. ജ്യോതിഷം ശാസ്ത്രമാണ്. അതേ കുറിച്ച് കോടതി ഒന്നും പറയുന്നില്ല. കോടതി ഇത്തരമൊരു അപേക്ഷ പരിഗണിക്കുമ്പോൾ ജാതക പ്രശ്നം ഉന്നയിക്കാമോ എന്ന് ജസ്റ്റിസ് ധുലിയ ചോദിച്ചു. ജ്യോതിഷത്തിന്റെ വശം കോടതി പരിഗണിച്ചത് എന്തിനാണെന്ന് സുപ്രീംകോടതിക്ക് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് പങ്കജ് മിത്തൽ പറഞ്ഞു.
ഈ ഉത്തരവ് താങ്കൾ കണ്ടോ എന്ന് കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ചോദിച്ചു. ഉത്തരവ് കണ്ടെന്നും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു തുഷാർ മേത്തയുടെ മറുപടി.
വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ബലാൽസംഗം ചെയ്ത പ്രതി യഥാർഥത്തിൽ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവതി അലഹാബാദ് ഹൈകോടതി മുമ്പാകെ ബോധിപ്പിച്ചപ്പോഴാണ് വിവാഹം നടത്താൻ കഴിയാതിരുന്നത് ജാതകത്തിൽ യുവതിക്ക് ചൊവ്വാദോഷമുള്ളത് കൊണ്ടാണെന്ന മറുവാദം പ്രതി ഉയർത്തിയത്. എന്നാൽ ചൊവ്വാദോഷം ഇല്ലെന്നായിരുന്നു യുവതിയുടെ അഭിഭാഷകന്റെ വാദം. ഇതേ തുടർന്നാണ് ലഖ്നോ സർവകലാശാല ജ്യോതിഷ മേധാവിയോട് ഇരയുടെ ജാതകം നോക്കി ചൊവ്വാദോഷമുണ്ടോ എന്ന റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാൻ അലഹാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബ്രിജ് രാജ് സിങ്ങ് ഉത്തരവിട്ടത്.