ഇസ്ലാമാബാദ് : പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യുട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി തീരുമാനിക്കുക. ഇരു ഭാഗവും വാദം പൂർത്തിയാക്കി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങൾക്കും എതിരെ പ്രക്ഷോഭം തുടങ്ങാൻ ഇമ്രാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്ത് പകരം ഭരണ സംവിധാനം ആകുംവരെ കാവൽ പ്രധാനമന്ത്രി ആയി പ്രവർത്തിക്കാൻ തയാറാണെന്ന് മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അറിയിച്ചു.
പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെനന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്. അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടന വളച്ചൊടിച്ചു. അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് വാദങ്ങളെയും ഇമ്രാൻ ഖാന്റെ അഭിഭാഷകർ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിർത്തു. പാർലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും കോടതി അംഗീകരിച്ചില്ല.
എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാ പരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12 നു കോടതി വാദം തുടരും. അതേസമയം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബർ ഇഫ്തികാർ പ്രതികരിച്ചു. അധികാരത്തിൽ ഇടപെടില്ലെന്ന് പുറമേയ്ക്ക് പറയുമ്പോഴും രാജ്യത്തെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പാക് സൈന്യം.
പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ തുടരുന്നുണ്ട്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം ഇന്നലെ പ്രധാന പാക് പത്രങ്ങൾ എല്ലാം ഉന്നയിച്ചു. ഏകാധിപതിയുടെ ഭാവത്തിലേക്ക് മാറിയ ഇമ്രാൻ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ പറഞ്ഞു. പാക് ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതീകാത്മക അവിശ്വാസം പാസാക്കി. തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ പലയിടത്തും ഇമ്രാൻ അനുകൂലമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു.