ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ(enforcement directorate) അറസ്റ്റ്(arrest), കണ്ടുകെട്ടൽ, ഉൾപ്പെടുള്ള നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി(supreme court) ഇന്ന് വിധി പറയും. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് കോടതി സുപ്രധാന വിധി പറയുക.
ഇഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹർജികൾ.ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ ഇഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.കർശനമായ ജാമ്യ വ്യവസ്ഥകൾ, അറസ്റ്റിന്റെ കാരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, ECIR പകർപ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്.