കോഴിക്കോട്: തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടത്തിയ കെ-റെയിൽ പാനൽ ചർച്ച പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്ക് താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സർക്കാർ ആദ്യം പാനലിൽ ഉൾപ്പെടുത്തിയവരെ പോലും ചർച്ചയിൽ മാറ്റി നിർത്തി. ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. വൺവെ ട്രാഫിക്ക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. സംവാദം നടക്കുമ്പോൾ തന്നെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സർക്കാരെന്നും കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
ഗുജ്റാത്ത് മോഡൽ പഠിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണ്. അബ്ദുള്ളക്കുട്ടിയോട് സിപിഎം മാപ്പ് പറയണം. പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നത്. ഗുജ്റാത്ത് മോഡൽ നടപ്പാക്കുമ്പോൾ എങ്കിലും അഴിമതി ഒഴിവാക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ധനനികുതി കുറയ്ക്കാതെ ധനമന്ത്രി ബാലഗോപാൽ ജനങ്ങളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണം. എയിംസിന് സ്ഥലം കണ്ടുപിടിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എവിടെ സ്ഥലം നൽകിയാലും കേന്ദ്രം അവിടെ എയിംസ് സ്ഥാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം പ്രഹസനമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരനും പ്രതികരിച്ചു. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിലുള്ള അലോക് വർമ്മ ഉൾപ്പടെ പിന്മാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിർവാദം വേദിയിൽ ഉയർത്തണമായിരുന്നു. അതേസമയം സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ലെന്നും സംവാദം പ്രഹസനമാണെന്നും ഇ ശ്രീധരൻ പറഞ്ഞു. നിലവിലെ പദ്ധതിക്ക് ഈ രീതിയിൽ അനുമതി കിട്ടില്ലെന്നും നല്ല പദ്ധതി കൊണ്ടു വന്നാൽ സഹായിക്കാൻ താനും തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞു.