കോഴിക്കോട് : തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതരുതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി സിൽവർലൈൻ സർവേക്കല്ല് സ്ഥാപിക്കാൻ കേരളം ഉത്തര കൊറിയ അല്ലെന്നു സർക്കാർ മനസ്സിലാക്കണം. കല്ലായിയിലും മാടപ്പള്ളിയിലും ഉണ്ടായത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിരോധം തീർക്കും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാവണം. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചതു പുരുഷ പൊലീസുകാരാണെന്നത് ഗൗരവതരമാണ്. പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണം.
ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോൾ നോക്കുകുത്തികളാവുന്ന പൊലീസുകാർ പാവങ്ങളുടെ ഭൂമി കയ്യേറാൻ കൂട്ടുനിൽക്കുകയാണ്. നഗ്നമായ കയ്യേറ്റമാണു സംസ്ഥാന സർക്കാർ നടത്തുന്നത്. ജില്ലാ ഭരണകൂടം ജനങ്ങളോടു സംസാരിക്കാൻ പോലും തയാറാവാത്തതു പ്രതിഷേധാർഹമാണ്. സിൽവർലൈനിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പദയാത്രകൾ സർക്കാരിനുള്ള താക്കീതാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.