തിരുവനന്തപുരം ∙ മുൻ മന്ത്രി കെ.ടി.ജലീലിന്റെ വിവാദ പ്രസ്താവനയിൽ കേസെടുക്കാത്തതിനാൽ കേരള സർക്കാരും ജലീലിന്റെ രാജ്യദ്രോഹ കുറ്റത്തിന് കൂട്ടുനിൽക്കുന്നു എന്നു വേണം കരുതാനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രാജ്യദ്രോഹ കുറ്റം ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണം. ജമ്മു കശ്മീരിനെ സംബന്ധിച്ച് രാജ്യത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീൽ. പാക്ക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് പറയുന്നതിലൂടെ ഭാരതത്തിന്റെ പരമാധികാരത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ജലീൽ ചെയ്തത്.
സ്വാതന്ത്ര്യത്തിന്റ അമൃത മഹോത്സവം നടക്കുന്ന സമയത്ത് മനഃപൂർവമാണ് കശ്മീരിൽ പോയി രാജ്യത്തിനെതിരെ പ്രസ്താവന നടത്തിയത്. ആഘോഷത്തെ അലങ്കോലപ്പെടുത്താൻ വേണ്ടിയാണിത്. ഇത് നാക്കുപിഴയല്ല. ഫെയ്‌സ്ബുക്കിൽ എഴുതിയതാണ്. നേരത്തേയും ജലീലിന്റെ പ്രസ്താവനകളിൽ ഇന്ത്യാവിരുദ്ധ മനോഭാവം വന്നതാണ്. സിമിയുടെ പ്രവർത്തകനായി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. സിമിയെ നിരോധിച്ചതിന് ശേഷമാണ് മുസ്‍ലിംലീഗിൽ ചേർന്നത്. തുടർന്ന് ലീഗിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേരുമ്പോഴും അദ്ദേഹത്തിന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. വർഗീയ നിലപാടും രാജ്യദ്രോഹ നിലപാടും തന്നെയാണ് ജലീൽ തുടരുന്നത്.
കശ്മീരിൽ ഇന്ത്യൻ പട്ടാളം മര്യാദയ്ക്ക് പെരുമാറിയെങ്കിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന നിലപാടാണോ സിപിഎമ്മിനുള്ളത്? ആസാദ് കശ്മീർ എന്ന് തന്നെയാണോ മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് എന്ന് വ്യക്തമാക്കണം. രാജ്യം ഒന്നായി അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ കോൺഗ്രസ് മുഖം തിരിച്ചു നിൽക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. മുസ്‌ലിംലീഗിനെ പേടിച്ചിട്ടാണെന്ന് വേണം കരുതാൻ. കോൺഗ്രസ് ത്രിവർണ പതാക ഉയർത്തിയാൽ രാഹുൽ ഗാന്ധിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വയനാട്ടിലെ മുസ്‌ലിം ലീഗിന്റെ വോട്ട് ലഭിക്കില്ലെന്നതിനാലായിരിക്കും. സ്വർണക്കടത്ത് കേസിലെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്. അന്വേഷണ ഉദ്യോഗസ്ഥർ മാറിയതിൽ ബിജെപിക്ക് പങ്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, നിയമസഭാ സമിതിയുടെ ഭാഗമായാണ് കെ.ടി.ജലീൽ കശ്മീർ യാത്ര നടത്തിയതെന്നും അതുകൊണ്ടുതന്നെ സ്പീക്കർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരളത്തിൽ രാജ്യദ്രോഹ ശക്തികൾക്ക് എന്തുമാകാമെന്ന അഭിപ്രായ രൂപീകരണത്തിന് മാത്രമേ മാർക്സിസ്റ്റ് പാർട്ടിയുടെ മൗനം ഉപകരിക്കൂവെന്നും ജലീൽ നിയമസഭയിലിരിക്കുന്നത് അപമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.