തൃശൂർ∙: കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽനിന്നു പണം സ്വീകരിക്കരുതെന്നു ബോർഡനു കീഴിലെ മേൽശാന്തിക്കാരോടു ബോർഡ് നിർദേശിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം നൽകിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. സുരേഷ് ഗോപിയുടെ കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്കുവേണമെങ്കിൽ അതു സ്വയം ചെയ്യാമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവ് ഇല്ലെന്നും ബോർഡ് വക്താവു പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാർ ‘വിഷുക്കൈനീട്ടം’ നൽകുന്നതിനായി വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഇത്തരത്തിൽ ചില വ്യക്തികൾ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്’ – കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ അറിയിപ്പിൽ പറയുന്നു. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രത്തിൽ മേൽശാന്തിക്ക് പണം നൽകിയതോടെയാണ് സംഭവം വിവാദമായത്. ഇതിനെതിരെ തൃശൂർ ജില്ലയിലെ സിപിഎം, സിപിഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയമാനം വന്നതോടെയാണ് വ്യക്തികളിൽനിന്ന് പണം സ്വീകരിക്കുന്നത് വിലക്കി നിർദ്ദേശം വന്നത്.