കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ ആരംഭിച്ചത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ. പിറവം കോത്തോളിൽ ഉല്ലാസിന്റെ (40) കാലിൽ നടത്തിയ ശസ്ത്രക്രിയയ്ക്കാണ് അപൂർവമായി അഗ്നിരക്ഷാ സേനയുടെ സഹായം തേടേണ്ടിവന്നത്.
ഇന്നലെ വൈകിട്ട് പിറവം വട്ടപ്പാറ ഭാഗത്ത് കിണർ വൃത്തിയാക്കിയ ശേഷം മുകളിലേക്കു കയറുന്നതിനിടെ വഴുതിവീണ ഉല്ലാസിന്റെ കാലിൽ ഇരുമ്പു ഗോവണിയുടെ മുകൾഭാഗം തറഞ്ഞുകയറി. വേദന കൊണ്ടു പുളഞ്ഞ യുവാവ് ഏറെനേരം കിണറ്റിൽ അകപ്പെട്ടു. പിറവത്തു നിന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തി. എന്നാൽ തുടയുടെ മുൻഭാഗത്തുനിന്നു തുളഞ്ഞു കയറിയ ഗോവണി മറുവശത്ത് എത്തിയിരുന്നു. ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി ഗോവണി ഉൾപ്പെടെ യുവാവിനെ പുറത്തെത്തിച്ചു. ഇരുമ്പ് ഗോവണി പാതിയിലേറെ മുറിച്ചുമാറ്റി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 6.35ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയാ മേശയിൽ കിടത്താനായില്ല. ഇതോടെ അധികൃതർ കോട്ടയം അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവാവിന്റെ തുടയിലെ തള്ളിനിന്ന ഇരുമ്പുഗോവണിയുടെ ഭാഗം സൂക്ഷ്മമായി മുറിച്ചുനീക്കി. തുടർന്നാണു ശസ്ത്രക്രിയ നടത്താനായത്. മറ്റു പരുക്കുകളില്ലാത്ത യുവാവിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.