‘സൂരറൈ പോട്ര്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറിയും മറ്റൊരു ബയോപിക്കിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആരെക്കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് സുധ കൊങ്കര വ്യക്തമാക്കിയിട്ടില്ല. നിലവിൽ സൂര്യ കരാർ ഒപ്പിട്ടിരിക്കുന്ന സിനിമകൾക്ക് ശേഷമായിരിക്കും ചിത്രം ആരംഭിക്കുക. സുധ കൊങ്കര ഇപ്പോൾ ‘സുരറൈ പോട്ര്’ ന്റെ ഹിന്ദി പതിപ്പിന്റെ അണിയറയിലാണ്. അക്ഷയ് കുമാർ നായകനാകുന്ന ചിത്രം സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് നിർമ്മിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്.
ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. അപര്‍ണ ബാലമുരളി ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.