ഭുവനേശ്വർ: വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് ഒഡീഷ ഹൈകോടതി. നിയമാനുസൃതമായി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും നൽകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ഒഡീഷ ഫിനാൻസ് സർവീസ് (ഒ.എഫ്.എസ്) ഉദ്യോഗസ്ഥയായ സുപ്രിയ ജെനയ്ക്ക് 180 ദിവസത്തെ പ്രസവാവധി നിഷേധിക്കപ്പെട്ട കേസിലാണ് വിധി.
ഒ.എഫ്.എസ് ഉദ്യോഗസ്ഥക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിച്ചതിനെതിരായ ഉത്തരവുകൾ റദ്ദാക്കി ജസ്റ്റിസ് എസ്.കെ പാണിഗ്രാഹിയുടെ സിംഗിൾ ജഡ്ജി ബെഞ്ച്.’ദത്തെടുക്കുന്ന അമ്മക്ക് ഗവൺമെന്‍റ് പ്രസവാവധി നൽകുന്നുണ്ടെങ്കിൽ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്നവർക്കും പ്രസവാവധി അനുവദിക്കണം. അവർക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കണം’. ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിനോടൊപ്പം മാതൃത്വത്തിനുള്ള അവകാശവും ഓരോ കുട്ടിയുടെയും പൂർണവികസനത്തിനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് ജസ്റ്റിസ് പാണിഗ്രാഹി പറഞ്ഞു. ഈ അമ്മമാർക്ക് പ്രസവാവധി നൽകുന്നത് അനിവാര്യമാണ്. കൂടാതെ പ്രസവസമയത്ത് സ്ത്രീകളുടെ തൊഴിൽ സംരക്ഷിക്കുകയും അവരുടെ പൂർണ്ണ ആരോഗ്യം ഉറപ്പ് വരുത്തുകയും വേണം. എല്ലാത്തരം മാതൃത്വത്തെയും ഉൾക്കൊള്ളണമെന്നും ജസ്റ്റിസ് വ്യക്തമാക്കി.