ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കുരങ്ങുപനിയെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും ലോകത്ത് വിവിധ രാജ്യങ്ങളിൽ കേസുകൾ വർധിക്കുന്നത് കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.
കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആർ ഗവേഷക ഡോ. അപർണ മുഖർജി ആവശ്യപ്പെട്ടിരുന്നു. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവിൽ കേസുകൾ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആറും അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാൽ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആർ വ്യക്തമാക്കിയിരുന്നു.