ചണ്ഡീഗഡ്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മറ്റ് പാർട്ടികളിൽ നിന്ന് ആളെ കൂട്ടി അംഗബലം വർധിപ്പിച്ച് ബി.ജെ.പി. കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയത് കോൺഗ്രസ് എം.പിയും മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു. നിലവിൽ പട്യാലയിൽ നിന്നുള്ള എം.പിയാണ് പ്രണീത് കൗർ. ഇത്തവണ ഈ സീറ്റ്തന്നെ ബി.ജെ.പി കൗറിന് നൽകുമെന്നാണ് കരുതുന്നത്.
2021ൽ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം സിങ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു. തൊട്ടടുത്ത വർഷം പാർട്ടി ബി.ജെ.പിയിൽ ലയിക്കുകയും ചെയ്തു. ബി.ജെ.പിക്ക് സഹായമാകുന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് കൗറിനെ കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
ദേശീയ ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ദെ, തരുൺ ഛുഗ്, പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൗറിന്റെ ബി.ജെ.പി പ്രവേശനം. സുനിൽ മുൻ കോൺഗ്രസ് അംഗമാണ്. രാജ്യത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്ന സേവനങ്ങളെ കൗർ പ്രകീർത്തിച്ചു.
”ഇന്ന് ബി.ജെ.പിയിൽ ചേർന്നതിൽ അതിയായി ആഹ്ലാദിക്കുന്നു. കഴിഞ്ഞ 25 വർഷമായി ലോക്സഭയിലും നിയമസഭയിലുമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് പ്രധാനമന്ത്രി മോദിയുടെ നയങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’-കൗർ അഭിപ്രായപ്പെട്ടു.
കൗറിന്റെ സാന്നിധ്യം പഞ്ചാബിൽ ബി.ജെ.പിക്ക് കരുത്താകുമെന്ന് താവ്ദെ പ്രതികരിച്ചു. കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് വിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കവെ കൗർ വ്യക്തമാക്കി. കോൺഗ്രസുമായി മികച്ച ഇന്നിങ്സ് കാഴ്ച വെക്കാൻ സാധിച്ചു. അതിലും മികച്ച ഇന്നിങ്സ് ബി.ജെ.പിയുമൊത്ത് കാഴ്ച വെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ സൂചിപ്പിച്ചു. 2019ലടക്കം പട്യാലയിൽ നിന്ന് നാലുതവണയാണ് കൗർ തെരഞ്ഞെടുക്കപ്പെട്ടത്. അമരിന്ദർ സിങ്ങും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൗറിന്റെ കൂറുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. 2019ൽ ആകെയുള്ള 13 ലോക്സഭ മണ്ഡലങ്ങളിൽ എട്ടിലും കോൺഗ്രസ് ആണ് വിജയിച്ചത്. ഇപ്പോൾ അധികാരത്തിലുള്ള എ.എ.എപി കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ വെല്ലുവിളിയാണ്. ഇൻഡ്യ സഖ്യത്തിലുണ്ടെങ്കിലും പഞ്ചാബിലും ഡൽഹിയിലും ഹരിയാനയിലും ഗുജറാത്തിലും ഗോവയിലും ചണ്ഡീഗഢിലും എ.എ.പി ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചത്.